Advertisement
Qatar

2022 ലോകകപ്പിന് പിന്നാലെ 2036 ഒളിമ്പിക്‌സും ഖത്തറിലേക്ക്?ഖത്തറും ഇന്ത്യയും പരിഗണനാ പട്ടികയിൽ

Published: October 06, 2026

ദോഹ :2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്ന ഏഴ് അപേക്ഷകരിൽ ഖത്തറും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ചൊവ്വാഴ്ച അറിയിച്ചു.ജർമ്മനി,ഹംഗറി,ഇന്ത്യ, ഖത്തർ, കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ് 2036-ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ നിലവിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (IOC) നിരന്തര ചർച്ചകളിൽ ഏർപ്പെടുന്നതെന്നും ഐഒസി അറിയിച്ചു.ഈ ഏഴ് രാജ്യങ്ങളെയും നവംബറിൽ നടക്കുന്ന 'ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന്' (Future Host Commission) മുന്നിൽ തങ്ങളുടെ പദ്ധതികൾ അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും  ഐഒസി വ്യക്തമാക്കി.എന്നാൽ, 2026 ഒക്ടോബർ 31-ന് ശേഷം 2036-ലെ ഗെയിംസിനായി പുതിയ അപേക്ഷകരെ പരിഗണിക്കില്ലെന്നും സമിതി കൂട്ടിച്ചേർത്തു.
ആതിഥേയത്വം വഹിക്കാൻ താൽപ്പര്യമുള്ളവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി 30 പേജുള്ള മാർഗരേഖയും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.വേദി സംബന്ധിച്ച പദ്ധതികൾ, കായികതാരങ്ങളുടെ അനുഭവം, സാമ്പത്തിക സ്രോതസ്സുകൾ, രാഷ്ട്രീയ-പൊതുജന പിന്തുണ, ഗെയിംസ് നടത്തിപ്പ്, ആതിഥേയർക്ക്  ലഭിക്കുന്ന ദീർഘകാല നേട്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി 2036-ലെ പദ്ധതികളെ ഐഒസി വിലയിരുത്തും.2027 മാർച്ചിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന ഐഒസി, തുടർന്ന് 2029-ൽ നൂറിലധികം വരുന്ന അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയായിരിക്കും ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഇന്ത്യയിലെ അംബാനി കുടുംബത്തിൽ നിന്നുള്ള നിത അംബാനി എന്നിവർ ഇതിലെ അംഗങ്ങളിൽ ഉൾപ്പെടുന്നു.

2022 ഫിഫ ലോകകപ്പ് ഉൾപ്പെടെ, പ്രധാനപ്പെട്ട ഒളിമ്പിക് കായിക ഇനങ്ങളിലെല്ലാം ലോക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ച പരിചയ സമ്പത്താണ് ഖത്തറിന്റെ പ്രധാന പ്രതീക്ഷ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക


 

YOU MAY LIKE

View All Qatar
Advertisement