ഇൻഫാന്റിനോയ്‌ക്കെതിരായ നീക്കം: എഎഫ്‌സി പ്രസിഡന്റിന് ഖത്തറിന്റെ തുറന്ന കത്ത്; കൂടിയാലോചന നടത്തിയില്ലെന്ന് ആരോപണം
ദോഹ: ഫിഫ (FIFA) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ പോരിലേക്ക്. ഇൻഫാന്റിനോയ്‌ക്കെതിരെ രംഗത്തുവന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) നിലപാടിനെ ചോദ്യം ചെയ്ത് ഖത്തർ രംഗത്തെത്തിയതോടെ ഏഷ്യൻ ഫുട്ബോൾ ഭരണസമിതിക്കുള്ളിലെ വൻ പിളർപ്പാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.47 അംഗ അസോസിയേഷനുകളോട് കൂടിയാലോചിക്കാതെയാണ് എഎഫ്‌സി ഇൻഫാന്റിനോയ്‌ക്കെതിരെ പ്രസ്താവനയിറക്കിയതെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) ആരോപിച്ചു.
ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനം സ്വകാര്യ നിക്ഷേപകർക്ക് കൈമാറി 4.2 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഇൻഫാന്റിനോയുടെ നീക്കം പരാജയപ്പെട്ടതാണ് എതിർപ്പുകൾക്ക് വഴിതുറന്നത്.ഇതിന് പിന്നാലെ യുവേഫ (UEFA), കോൺകാകാഫ് (CONCACAF), എഎഫ്‌സി (AFC) അസോസിയേഷനുകൾ ഇൻഫാന്റിനോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.എന്നാൽ കമ്മറ്റിയുമായി ആലോചിക്കാതെയാണ് എ.എഫ്.സി ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) ആരോപിക്കുന്നത്.
എഎഫ്‌സിക്ക് ഖത്തറിന്റെ കത്ത്
എഎഫ്‌സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫിഫ കൗൺസിൽ അംഗവുമായ ഹമദ് ബിൻ ഖലീഫ അൽ-താനി, എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയ്ക്ക് അയച്ച കത്തിലാണ് തങ്ങളുടെ കടുത്ത അതൃപ്തി അറിയിച്ചത്.
"പ്രസ്താവന പുറത്തിറക്കുന്നതിന് മുൻപ് QFA-യുമായോ എന്നോടോ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്തിയിട്ടില്ല. അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എന്ത് അടിസ്ഥാനത്തിലാണ് എഎഫ്‌സിക്ക് അധികാരമുള്ളത്?" - അൽ-താനി ചോദിച്ചു.
അടുത്ത വർഷം ഫിഫ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ഖത്തറും മൊറോക്കോയും ഉൾപ്പെടെ ആറ് അറബ് ഫുട്ബോൾ അസോസിയേഷൻ തലവന്മാർ രംഗത്തെത്തിയിട്ടുണ്ട്.ആഗോളതലത്തിൽ ഫുട്ബോളിനെ വളർത്തുന്നതിനും അവസരങ്ങൾ വിപുലീകരിക്കുന്നതിനും ഇൻഫാന്റിനോ നടത്തുന്ന ശ്രമങ്ങളെ ഇവർ പ്രശംസിച്ചു. ഖത്തർ, ഈജിപ്ത്, മൊറോക്കോ, മൗറിറ്റാനിയ എന്നീ രാജ്യങ്ങളിലെ ഫുട്ബോൾ തലവന്മാരും ഫിഫ കൗൺസിൽ അംഗങ്ങളും ഇവരിൽ ഉൾപ്പെടുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd