Advertisement
Qatar

കൃത്യമായ രേഖകളുണ്ടായിട്ടും ബോർഡിംഗ് പാസ് നൽകിയില്ല;മലയാളി ദമ്പതികളുടെ കുട്ടികൾക്ക് ഖത്തർ എയർവേയ്‌സ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Published: September 06, 2026
ഇടുക്കി : യാത്രാരേഖകളിൽ കുറവുണ്ടെന്നാരോപിച്ച് ബോർഡിംഗ് പാസ് നിഷേധിക്കപ്പെട്ട പ്രവാസി ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഖത്തർ എയർവേയ്‌സിനോട് ഉത്തരവിട്ടു. കേസ് നടത്തിപ്പ് ചെലവായി 25,000 രൂപ നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ഈ തുക 45 ദിവസത്തിനുള്ളിൽ നൽകണം. വീഴ്ച വരുത്തിയാൽ പരാതി നൽകിയ തീയതി മുതൽ പണം നൽകുന്നത് വരെയുള്ള കാലയളവിലേക്ക് 9 ശതമാനം പലിശ നൽകണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.കൊച്ചിയിലെയും ദോഹയിലെയും വിമാനത്താവളങ്ങളിൽ വെച്ചാണ് കേസിനാസ്പദമായ ദുരനുഭവങ്ങളുണ്ടായത്.

ഇറ്റലിയിൽ ടെക്നീഷ്യനായ റോഷൻ ജോസ്, സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ഭാര്യ വിനയ എന്നിവരാണ് പരാതിക്കാർ.ഇവരുടെ മക്കളായ റോൺ റോഷൻ (6), റെയിൻ റോഷൻ (1) എന്നിവർക്ക് മതിയായ യാത്രാരേഖകളില്ലെന്ന് കാണിച്ച് കൊച്ചി-ദോഹ  വിമാനത്താവളത്തിൽ ബോർഡിങ് പാസ് നിഷേധിച്ചതായാണ് പരാതി. കണ്ണൂർ ചെമ്പേരി സ്വദേശികളായ ഇവർ ഖത്തർ എയർവേയ്‌സിൽ വെനീസിൽ നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു.ആവശ്യമായ ടിക്കറ്റുകളും യാത്രാരേഖകളുമായി കൊച്ചി വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിൽ എത്തിയപ്പോൾ മറ്റു മൂന്നുപേർക്കും ബോർഡിംഗ് പാസ് നൽകിയെങ്കിലും, യാത്രാരേഖകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മൂത്ത മകൻ റോൺ റോഷന് ബോർഡിംഗ് പാസ് നൽകാൻ എയർലൈൻ വിസമ്മതിക്കുകയായിരുന്നു.എന്നാൽ, കുട്ടി വെനീസിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ ഇതേ രേഖകൾ തന്നെയാണ് സ്വീകരിച്ചിരുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

അടുത്ത ദിവസം സ്കൂൾ തുറക്കുന്നതിനാൽ, മകനെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് എയർലൈനിനോട് അഭ്യർത്ഥിച്ചെങ്കിലും നിരസിക്കപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ജോസും വിനയയും അവരുടെ ഇളയ മകനും കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് യാത്ര ചെയ്തു. ദോഹയിൽ വെച്ച്, ഇത്തവണ റെയിൻ റോഷൻ എന്ന കുട്ടിയുടെ കാര്യത്തിൽ എയർലൈൻ വീണ്ടും ബോർഡിംഗ് പാസ് നൽകാൻ വിസമ്മതിച്ചു. കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കായി രേഖകൾ നേരത്തെ അംഗീകരിച്ചിരുന്ന കാര്യം കുടുംബം ചൂണ്ടിക്കാട്ടിയെങ്കിലും വെനീസിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ് ഈ തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന്, ജോസ് ഒരു വയസ്സുള്ള തന്റെ ഇളയ മകനോടൊപ്പം ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയും വിനയ മറ്റൊരു വിമാനത്തിൽ ഒറ്റയ്ക്ക് വെനീസിലേക്ക് യാത്ര തുടരുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർയാത്രയ്ക്കുള്ള രേഖകൾ അംഗീകരിച്ചിട്ടും രണ്ട് കുട്ടികൾക്കും ബോർഡിംഗ് നിഷേധിച്ചത് തങ്ങൾക്ക് വലിയ ബുദ്ധിമുട്ടും നഷ്ടവും ഉണ്ടാക്കിയെന്ന് പരാതിക്കാർ ആരോപിച്ചു.തുടർന്ന്,ദമ്പതികൾ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos