Advertisement
Qatar

ഖത്തറിലെ കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ റേഡിയോളജി പരിശോധനകൾ,മൈക്രോ ഹെൽത്ത് ലാബും ഐ.സി.ബി.എഫും ധാരണാപത്രത്തിൽ ഒപ്പുവച്ചു

Published: December 24, 2025
ദോഹ : ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് സൗജന്യ റേഡിയോളജി സേവനങ്ങൾ നൽകുന്നതിന് പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസും ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറവും(ICBF)  ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യൻ അംബാസഡർ വിപുലിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോ-ഓർഡിനേറ്റിങ് ഓഫീസറുമായ ഐശ് സിങാൾ, ഐ.സി.ബി.എഫ്  ഭാരവാഹികൾ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

പ്രവാസി സമൂഹത്തിലെ സാമ്പത്തിക വരുമാനം കുറഞ്ഞ സാധാരണക്കാർക്ക്  അവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ  ഐസിബിഎഫിനും മൈക്രോ ഹെൽത്ത് ലാബിനുമുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ സഹകരണം.പദ്ധതിയുടെ ഭാഗമായി,രണ്ടു ലക്ഷം  റിയാലിന്റെ സൗജന്യ റേഡിയോളജി പരിശോധനകൾ ലഭ്യമാക്കുമെന്ന്  മൈക്രോ ഹെൽത്ത് ലബോറട്ടറീസ് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിൽ എക്‌സ്-റേ, അൾട്രാസൗണ്ട്, എം.ആർ.ഐ, സി.ടി. സ്കാൻ, മാമോഗ്രാഫി എന്നിവ ഉൾപ്പെടുന്നു.കുറഞ്ഞ വരുമാനമുള്ളവർക്ക് സാധാരണയായി വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നതാണ് ഈ പരിശോധനകൾ.

ഐസിബിഎഫ് നിർദേശിക്കുന്ന രോഗികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാക്കുക. ഇതിന് പുറമെ ഐ.സി.ബി.എഫ് നിർദേശിക്കുന്ന രോഗികൾക്ക് മറ്റുള്ള ലബോറട്ടറി പരിശോധനകളിൽ 30 ശതമാനം ഇളവ് നൽകാനും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് തീരുമാനിച്ചിട്ടുണ്ട്. അർഹരായ പ്രവാസികൾക്ക് ചികിത്സാ ചിലവ് ഗണ്യമായി കുറക്കാൻ ഇതിലൂടെ കഴിയും.

കഴിഞ്ഞ 16 വർഷത്തിലേറെയായി വിജയകരമായി നടപ്പിലാക്കിവരുന്ന കുറഞ്ഞ നിരക്കിലുള്ള ജീവിത ശൈലീ രോഗ പരിശോധനാ കാമ്പയിനുകൾ വഴി, രോഗ പ്രതിരോധ രംഗത്തെ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ദീർഘകാല പ്രതിബദ്ധതയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് പദ്ധതി.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ചെലവേറിയ റേഡിയോളജി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കിയതിന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഭാരവാഹികളെ  ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിനന്ദിച്ചു.ഐസിബിഎഫുമായുള്ള  ഈ സഹകരണം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ നൽകുന്നതിലപ്പുറം,മാനുഷികമായ ഇടപെടൽ കൂടിയാണെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ പറഞ്ഞു.   
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി നാലു പതിറ്റാണ്ടിലേറെയായി  ഐ.സി.ബി.എഫ് നടത്തിവരുന്ന സേവനങ്ങളെ അഭിനന്ദിച്ച ഇന്ത്യൻ അംബാസഡർ വിപുൽ,മൈക്രോ ഹെൽത്ത് ലബോറട്ടറീസുമായി ചേർന്ന് നടത്തുന്ന പുതിയ പദ്ധതിയെ സ്വാഗതം ചെയ്തു. 
ചടങ്ങിൽ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, മൈക്രോ ഹെൽത്ത് ലബോറട്ടറീസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ.യും ധാരണാപത്രം കൈമാറി. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഗ്ലോബൽ ചീഫ് സ്ട്രാറ്റജിക് ഓഫീസറും സി.എസ്.ആർ മേധാവിയുമായ അൽക മീര സണ്ണി പരിപാടി നിയന്ത്രിച്ചു. ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദി പറഞ്ഞു.

ഐസിബിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, മുൻ ഐസിബിഎഫ് പ്രസിഡന്റുമാരായ നീലാംശു ഡേ, ഡേവിസ് എടക്കളത്തൂർ, എൻ.വി. ഖാദർ, ഐസിസി പ്രസിഡന്റ് മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ്  ഇ.പി. അബ്ദുറഹ്മാൻ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി  ജാഫർ തയ്യിൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, ശങ്കർ ഗൗഡ്,  ഇർഫാൻ അൻസാരി,ഇന്ത്യൻ എംബസിക്ക് കീഴിലെ വിവിധ അപെക്സ് ബോഡി ഭാരവാഹികൾ,മുൻ ഭാരവാഹികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ഐസിബിഎഫ് അസോസിയേറ്റ് ഓർഗനൈസേഷൻ പ്രസിഡന്റുമാർ, മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെയും CAN ഇന്റർനാഷണൽ ഹോൾഡിങ്ങിന്റെയും പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ബി എഫ് ഭാരവാഹികളുമായി താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് :

റഷീദ് അഹമ്മദ് (വൈസ് പ്രസിഡന്റ് ) 55 85 4543,ജാഫർ തയ്യിൽ (സെക്രട്ടറി )  55 00 2548.ഇ-മെയിൽ :icbfqatar@gmail.com
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Qatar
Advertisement