Advertisement
Qatar

ആഭരണവും ഫാഷനും മെക്സിക്കൻ കരകൗശലവും; M7-ൽ മൂന്ന് രാജ്യാന്തര പ്രദർശനങ്ങളുമായി ഖത്തർ മ്യൂസിയംസ്

Published: October 28, 2026
ദോഹ: ആഭരണങ്ങൾ, ഫാഷൻ, സമകാലിക കരകൗശലകല എന്നിവയുടെ വൈവിധ്യമാർന്ന ലോകം പരിചയപ്പെടുത്തുന്ന മൂന്ന് രാജ്യാന്തര പ്രദർശനങ്ങൾക്ക്  ദോഹയിലെ M7-ൽ തുടക്കമായി. ഖത്തർ മ്യൂസിയംസ് (QM) സംഘടിപ്പിക്കുന്ന ‘എറൗണ്ട് ദ വേൾഡ് ഇൻ ജ്വല്ലറി’, ‘എർഡെം: എബൗട്ട് ടൈം, എബൗട്ട് ഹെർ’, ‘എവോൾവിങ് ട്രഡീഷൻസ്: കണ്ടംപററി ക്രാഫ്റ്റ് പ്രാക്ടീസസ് ഇൻ മെക്സിക്കോ’ എന്നിവയാണ് സന്ദർശകർക്കായി തുറന്നത്.

ആഭരണങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, കലാസൃഷ്ടികൾ എന്നിവയിലൂടെ വിവിധ സമൂഹങ്ങളുടെ ചരിത്രവും സാംസ്കാരിക സ്വത്വവും പാരമ്പര്യ അറിവുകളും എങ്ങനെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് പ്രദർശനങ്ങൾ വ്യക്തമാക്കുന്നു. 2026 ഡിസംബർ 26 വരെ പ്രദർശനം നീണ്ടുനിൽക്കും.

ഖത്തറിന്റെ 2026–27 ശരത്കാല–ശീതകാല സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. ഡിസൈൻ, കരകൗശല വൈദഗ്ധ്യം, രാജ്യാന്തര സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വേദിയെന്ന നിലയിൽ M7-ന്റെ പ്രാധാന്യവും ഇതിലൂടെ ഉയർത്തിക്കാട്ടുന്നു.
  • 500-ലേറെ ആഭരണങ്ങളുമായി ലോകത്തിന്റെ വിസ്മയക്കാഴ്ച
ഖത്തർ മ്യൂസിയംസും ആഭരണകലാ പഠന സ്ഥാപനമായ L’ÉCOLE, School of Jewelry Arts-ഉം സഹകരിച്ചാണ് ‘എറൗണ്ട് ദ വേൾഡ് ഇൻ ജ്വല്ലറി’ ഒരുക്കിയിരിക്കുന്നത്. ഖത്തർ മ്യൂസിയംസിന്റെ ശേഖരത്തിൽനിന്നുള്ള ആഭരണങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രദർശനമാണിത്.

ലോകത്തിന്റെ വിവിധ സംസ്കാരങ്ങളിൽനിന്നുള്ള 500-ലേറെ ആഭരണങ്ങൾ, കലാസൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, ശിൽപങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ഖത്തർ നാഷണൽ കളക്ഷൻ, ഖത്തർ നാഷണൽ മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം, ഭാവിയിലെ ലുസൈൽ മ്യൂസിയം എന്നിവയുടെ ശേഖരങ്ങളിൽനിന്നുള്ള ചില സൃഷ്ടികൾ ആദ്യമായാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നത്. വിസിറ്റ് ഖത്തറിന്റെ പിന്തുണയോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
  • എർഡെമിന്റെ ഫാഷൻ ലോകത്തിലേക്ക് ഒരു യാത്ര
പ്രശസ്ത ഫാഷൻ ബ്രാൻഡായ ERDEM-ന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് ‘എർഡെം: എബൗട്ട് ടൈം, എബൗട്ട് ഹെർ’ ഒരുക്കിയിരിക്കുന്നത്. ഡിസൈനർ എർഡെം മൊറാലിയോഗ്ലുവിന്റെ സൃഷ്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ പ്രധാന പ്രദർശനമാണിത്.

ഖത്തർ മ്യൂസിയംസും ERDEM-ഉം സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഫാഷൻ ഹൗസിൽനിന്നുള്ള 150 സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ, ഡിസൈൻ സ്കെച്ചുകൾ, വ്യക്തിഗത ശേഖരത്തിലെ രേഖകൾ, അറ്റ്ലിയറുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയ്ക്കൊപ്പം ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ ശേഖരത്തിൽനിന്നുള്ള ചിത്രങ്ങൾ, ശിൽപങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമാണ്.

ഖത്തർ–കാനഡ, ഖത്തർ–മെക്സിക്കോ 2026 സാംസ്കാരിക വർഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് പ്രദർശനം ഒരുക്കുന്നത്. 
  • മെക്സിക്കൻ കരകൗശല പാരമ്പര്യത്തിന് പുതിയ കാഴ്ചപ്പാട്
‘എവോൾവിങ് ട്രഡീഷൻസ്: കണ്ടംപററി ക്രാഫ്റ്റ് പ്രാക്ടീസസ് ഇൻ മെക്സിക്കോ’ എന്ന പ്രദർശനം മെക്സിക്കോയിലെ പുതിയ തലമുറയിലെ കരകൗശല വിദഗ്ധരുടെ സൃഷ്ടികളാണ് പരിചയപ്പെടുത്തുന്നത്.

പാരമ്പര്യമായി കൈമാറിവന്ന നിർമാണരീതികൾ, വസ്തുക്കൾ, പ്രകൃതിദൃശ്യങ്ങൾ, വസ്ത്രങ്ങൾ, രൂപങ്ങൾ എന്നിവ സമകാലിക ജീവിതവുമായി എങ്ങനെ സംയോജിപ്പിക്കപ്പെടുന്നുവെന്ന് ഈ സൃഷ്ടികൾ വ്യക്തമാക്കുന്നു. പാരമ്പര്യത്തെ അതേപടി നിലനിർത്തുന്നതിനൊപ്പം പുതിയ ആശയങ്ങളിലൂടെ അതിനെ പുനർവ്യാഖ്യാനിക്കുന്ന രീതികളും പ്രദർശനത്തിൽ ശ്രദ്ധേയമാണ്.

ആഭരണകലയുടെ ആഗോള പൈതൃകം മുതൽ ആധുനിക ഫാഷനും മെക്സിക്കൻ കരകൗശല പാരമ്പര്യത്തിന്റെ പരിണാമവും വരെ പരിചയപ്പെടുത്തുന്ന ഈ മൂന്ന് പ്രദർശനങ്ങൾ ദോഹയിലെ കലാ-സാംസ്കാരിക രംഗത്തിന് പുതിയ മാനം നൽകുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos