ഹോർമുസ് പ്രതിസന്ധിയിൽ കളംമാറി ഇന്ത്യ; എൽഎൻജി ഇറക്കുമതിയിൽ ഖത്തറിന് പകരം യുഎസും നൈജീരിയയും 'സൂപ്പർ പവർ'
ഒരുകാലത്ത് ഇന്ത്യയിലേക്കും ലോകമെമ്പാടുമുള്ള വിപണികളിലേക്കും പ്രകൃതിവാതകം ഏറ്റവും കൂടുതൽ വിതരണം ചെയ്തിരുന്ന ഖത്തറിൽ നിന്ന് ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയ്ക്ക് ഒരു ഷിപ്പ്‌മെൻ്റ് പോലും ലഭിച്ചിട്ടില്ലെന്ന് കെപ്ലർ (Kpler) പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതേതുടർന്ന്, പ്രകൃതിവാതക വിതരണത്തിന്റെ 35 ശതമാനവും കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ വിതരണക്കാരായി അമേരിക്ക മാറിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂലൈയിലെ 7,23,800 ടണ്ണിൽ നിന്ന് 18.6 ശതമാനം വർധിച്ച്, ഓഗസ്റ്റിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് 8,58,500 ടൺ എൽഎൻജി (LNG) ഇറക്കുമതി ചെയ്തതായി മണി കൺട്രോൾ (Moneycontrol) റിപ്പോർട്ട് ചെയ്തു.ജൂലൈ മാസത്തെ അപേക്ഷിച്ച് 84 ശതമാനം വർധനയോടെ, 5,40,700 ടൺ വിതരണം ചെയ്ത നൈജീരിയ രണ്ടാമത്തെ വലിയ വിതരണക്കാരായി മാറി. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യ നടത്തിയ എൽഎൻജി (LNG) ഇറക്കുമതിയുടെ 22 ശതമാനവും നൈജീരിയയിൽ നിന്നായിരുന്നു.
എണ്ണ,പ്രകൃതി വാതക വിതരണത്തെ തടസ്സപ്പെടുത്തിയ പശ്ചിമേഷ്യൻ സംഘർഷത്തിന് മുൻപ്, ഇന്ത്യയുടെ വാതക ഇറക്കുമതിയുടെ 45 ശതമാനവും ഖത്തറിൽ നിന്നായിരുന്നു.
ഇറാൻ-യു.എസ് സംഘർഷം രൂക്ഷമായ കഴിഞ്ഞ ആറ് മാസത്തിനിടെ, ക്ഷാമം നേരിടുന്ന എൽപിജിക്ക് (LPG) പകരം വീടുകളിൽ പ്രകൃതിവാതകം കൂടുതൽ ഉപയോഗിക്കുന്നതിനെ മോദി സർക്കാർ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd