Advertisement
Qatar

ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുന്നു,ഖത്തറിലും ജാഗ്രതാ നിർദേശം

Published: March 24, 2026
ദോഹ / ദുബായ് : വിവിധ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

 കഴിഞ്ഞ ദിവസം ഖത്തറിലുടനീളം പെയ്ത മഴയില്‍ അല്‍ വക്‌റയിലാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം അല്‍ വക്രയില്‍ 50 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.അതേസമയം ദോഹയില്‍ 18.5 മില്ലീമീറ്ററും ഐന്‍സ്‌നാനിലും റാസ് ലഫാനിലും 15.4, 14.9 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 12.1 മില്ലീമീറ്റര്‍ മുതല്‍ 4.7 മില്ലീമീറ്റര്‍ വരെയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് ലുസൈലില്‍ 4.7 മില്ലീമീറ്ററാണ്.

ചൊവ്വാഴ്ചയും മഴയും ഇടിയും മിന്നലും കാറ്റുമുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

യുഎഇയിൽ ശക്തമായ കാറ്റും മഴയും 27 വരെ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മാർഗ നിർദേശങ്ങൾ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ജാഗ്രത നിർദേശം നൽകി. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണം. ആലിപ്പഴം വീണ് ചില്ലുകൾ തകരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഷെഡുകളിലോ സുരക്ഷിതമായ പാർക്കിങ് ഏരിയകളിലോ മാറ്റണം. റോഡരികിൽ മരങ്ങൾക്കു താഴെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം.

കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വാദികളിലേക്കോ മലയോര മേഖലകളിലേക്കോ പോകുന്നത് കർശനമായി നിരോധിച്ചു. ആലിപ്പഴം വീഴുമ്പോൾ പുറത്തിറങ്ങുന്നത് അപകടകരമാണ്. ഗ്ലാസ് ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും വിട്ടുനിൽക്കണം.

ഇടിമിന്നലുള്ള സമയത്ത് പുറത്തുള്ള വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത്. ഗതാഗതം മന്ദഗതിയിലാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പോകുന്നവർ നേരത്തെ ഇറങ്ങണം. നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് വിമാന കമ്പനികൾ. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിലോ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറുകളിലോ തൊടരുത്.

∙ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ ഇലക്ട്രിക് ബോക്സുകളിൽ നിന്ന് വിട്ടുനിൽക്കുക.
∙ വീടിന് പുറത്തുള്ള ഇലക്ട്രിക് കണക്ഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
∙ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വയ്ക്കുക.
∙ മഴയുള്ള സമയത്ത് മരങ്ങൾക്കോ ഇലക്ട്രിക് പോസ്റ്റുകൾക്കോ താഴെ നിൽക്കരുത്.
∙ പരസ്യബോർഡുകൾക്ക് സമീപം നിൽക്കുന്നതും ഒഴിവാക്കണം
∙ വെള്ളക്കെട്ടുകളോ മരങ്ങൾ വീണതോ ശ്രദ്ധയിൽപ്പെട്ടാൽ അതാത് എമിറേറ്റിലെ നഗരസഭയെ അറിയിക്കുക.
∙ വെള്ളക്കെട്ടിൽ കുട്ടികളും മുതിർന്നവരും കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

ഒമാനിലും ശക്തമായ മഴ തുടരുന്നു
മസ്‌കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ നാളെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. വടക്കൻ ഗവർണറേറ്റുകളായ ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, മുസന്ദം എന്നിവിടങ്ങളിൽ രാവിലെ തന്നെ ഇടിമിന്നലോടു കൂടിയ മഴ ആരംഭിക്കും. ഇത് പിന്നീട് മസ്‌കത്ത്, ദാഖിലിയ, തെക്കൻ ബാത്തിന, വടക്ക്-തെക്ക് ശർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലേക്കും വ്യാപിക്കും. പലയിടങ്ങളിലും ആലിപ്പഴ വർഷത്തോടൊപ്പം അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴയെത്തുടർന്ന് കാഴ്ചപരിധി തീരെ കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ദോഫാർ ഗവർണറേറ്റിൽ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച രാത്രി മുതൽ തന്നെ വടക്കൻ ഗവർണറേറ്റുകളിൽ മഴ തുടങ്ങുമെന്നാണ് പ്രവചനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വാദികൾ മുറിച്ചുകടക്കാനോ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങാനോ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.

അതേസമയം ഒമാനിലെ ബർകയിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വെള്ളക്കെട്ടുകളും വാദികളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കുട്ടികളെ നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos