Advertisement
Qatar

ഖത്തറിൽ നിന്നുള്ള അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ,വിദേശികൾക്കുള്ള നിബന്ധനകൾ അറിയാം

Published: September 06, 2026
ദോഹ :ഖത്തറിൽ നിന്നും 2027-ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള രജിസ്ട്രേഷൻ, 2026 സെപ്തംബർ 20 ഞായറാഴ്ച അർദ്ധരാത്രി 12:00-ക്ക് ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ  ഒക്ടോബർ 20 വരെ തുടരും. 4,400 പേർക്കാണ് ഇത്തവണ ഖത്തറിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിക്കുക.
രജിസ്‌ട്രേഷൻ നടപടികൾക്കായി അപേക്ഷകർ ആദ്യം ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഖത്തറിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ആരോഗ്യ  സർട്ടിഫിക്കറ്റ് നേടാൻ കഴിയും. ഇതിനായുള്ള വൈദ്യപരിശോധനാ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തും.ഹജ്ജ് നടപടികൾ സുഗമമാക്കുന്നതിനായി ഇലക്ട്രോണിക് രജിസ്ട്രേഷൻ, ലൈസൻസുള്ള ഹജ്ജ് സംഘാടകരുമായുള്ള കരാർ നടപടികൾ, പണമടയ്ക്കൽ സംവിധാനങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അപേക്ഷകളുടെ ഇലക്ട്രോണിക് പരിശോധന ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അറിയിപ്പുകൾ ഒക്ടോബർ അവസാനം മുതൽ എസ്എംഎസ് (SMS) വഴി അയച്ചുതുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.ഇവർക്കൊപ്പംപരമാവധി മൂന്ന് പേരെ കൂടി ഉൾപ്പെടുത്താവുന്നതാണ്. ഖത്തറിൽ താമസക്കാരായ വിദേശികൾക്കും ജിസിസി (GCC) പൗരന്മാർക്കും കുറഞ്ഞത് 45 വയസ്സ് തികഞ്ഞിരിക്കണം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടുണ്ടാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്. കൂടാതെ വിദേശികളായ അപേക്ഷകർ ഖത്തറിൽ കുറഞ്ഞത് 15 വർഷമെങ്കിലും തുടർച്ചയായി താമസിച്ചിട്ടുള്ളവരായിരിക്കണം. ഇവർക്ക് ഒപ്പം ഒരാളെ കൂടി ഉൾപ്പെടുത്താൻ അനുവാദമുണ്ടായിരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd


 

YOU MAY LIKE

View All Qatar
Advertisement