ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ; ഓൺലൈനായി അപേക്ഷിക്കാം, പ്രധാന നിബന്ധനകളും വ്യവസ്ഥകളും അറിയാം
ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴിയായിരിക്കും രജിസ്ട്രേഷൻ നടക്കുക. ഈ ഏകീകൃത പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും, അംഗീകൃത ഹജ്ജ് സർവീസ് ഗ്രൂപ്പുകളെ (ക്യാമ്പെയ്‌നുകൾ) തിരഞ്ഞെടുക്കാനും കഴിയും.തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സീസണുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവയും വെബ്‌സൈറ്റിൽ ലഭ്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് ഒരുക്കങ്ങൾക്കായുള്ള സമയം കൂടി കണക്കിലെടുത്താണ് രജിസ്ട്രേഷൻ നടപടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.ഹജ്ജ് സർവീസ് ഗ്രൂപ്പുകൾക്ക് അവരുടെ ക്രമീകരണങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാനും, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
2027-ൽ ഖത്തറിൽ നിന്നും 4,400 തീർത്ഥാടകർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷൻ അവസാനിച്ചാലുടൻ അപേക്ഷകളുടെ ഇലക്ട്രോണിക് പരിശോധന ആരംഭിക്കുകയും, യോഗ്യരായ അപേക്ഷകർക്ക് ഒക്ടോബർ അവസാനം മുതൽ എസ്എംഎസ് (SMS) വഴി അറിയിപ്പുകൾ അയച്ചുതുടങ്ങുകയും ചെയ്യും.
ആരോഗ്യക്ഷമതാ(ഹെൽത്ത് ഫിറ്റ്നസ്) സർട്ടിഫിക്കറ്റ് നിർബന്ധം :
സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അംഗീകരിച്ച നിബന്ധനകൾ പ്രകാരം, രജിസ്ട്രേഷന് ആരോഗ്യക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (health fitness certificate) നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ സർട്ടിഫിക്കറ്റ് നേടാൻ കഴിയും. അപേക്ഷകർക്ക് ആവശ്യമായ വൈദ്യപരിശോധനയ്ക്ക് വിധേയരായാൽ പരിശോധനാ ഫലങ്ങൾ ഹജ്ജ്-ഉംറ കാര്യ വിഭാഗവുമായി ബന്ധിപ്പിച്ചിട്ടുള്ള സംവിധാനത്തിൽ നേരിട്ട് (ഇലക്ട്രോണിക്കായി) രേഖപ്പെടുത്തും.
തീർത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, തീർത്ഥാടന വേളയിലുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപരമായ അപകടസാധ്യതകൾ കുറച്ചുകൊണ്ട് സുരക്ഷിതമായും എളുപ്പത്തിലും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
രജിസ്‌ട്രേഷനുള്ള നിബന്ധനകൾ
ഖത്തർ പൗരന്മാരായ അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. ഒരൊറ്റ അപേക്ഷയിൽ പരമാവധി മൂന്ന് പേരെ (companions) ഉൾപ്പെടുത്താൻ അനുവാദമുണ്ട്.
അതേസമയം,ഖത്തറിൽ താമസിക്കുന്ന വിദേശികളും ജിസിസി (GCC) പൗരന്മാരുമായ അപേക്ഷകർക്ക് കുറഞ്ഞത് 45 വയസ്സ് തികഞ്ഞിരിക്കണം. ഇവർ നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടുണ്ടാകാൻ പാടില്ല.കൂടാതെ ഒരാളെ മാത്രമേ കൂടെക്കൂട്ടാൻ അനുവാദമുള്ളൂ. ഇവർ കുറഞ്ഞത് 15 വർഷമെങ്കിലും ഖത്തറിൽ തുടർച്ചയായി താമസിച്ചിട്ടുള്ളവരുമായിരിക്കണമെന്നും നിബന്ധനയുണ്ട്.
രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ സീസണിലെ നിബന്ധനകളും ചട്ടങ്ങളും പരിശോധിക്കണമെന്നും, പിന്നീട് ഉണ്ടാകാവുന്ന കാലതാമസമോ സങ്കീർണ്ണതകളോ ഒഴിവാക്കുന്നതിനായി രജിസ്ട്രേഷൻ ഘട്ടത്തിൽ തന്നെ ഒപ്പം കൂട്ടുന്ന തീർത്ഥാടകരുടെ വിവരങ്ങൾ പ്രാഥമിക അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4