Advertisement
Qatar

യുദ്ധം മുറുകിയാൽ ഗൾഫ് മേഖലയിൽ വീണ്ടും വ്യോമഗതാഗതം തടസ്സപ്പെടാൻ സാധ്യത, യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം

Published: July 30, 2026
ദുബായ്/റിയാദ്: മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം വീണ്ടും തടസ്സപ്പെട്ടേക്കുമെന്ന് സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിമാന കമ്പനികൾ സർവീസ് റൂട്ടുകൾ പുനഃക്രമീകരിക്കുകയും ചെയ്തതോടെ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ വിമാന സർവീസുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മേഖലയിലെ ചില വ്യോമാതിർത്തികൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചതിനെ തുടർന്ന് പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും പ്രാദേശിക എയർലൈനുകളും തങ്ങളുടെ സർവീസുകൾ തിരിച്ചുവിടുകയോ പലതും താത്കാലികമായി റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നുണ്ട്.എന്നാൽ,കുവൈത്തിൽ നിന്നും ബഹ്‌റൈനിൽ നിന്നുമുള്ള ചില സർവീസുകൾ തടസ്സപ്പെട്ടത് ഒഴിച്ചാൽ നിലവിൽ ഗൾഫിൽ നിന്നുള്ള വിമാനസർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഫ്ലൈറ്റ് സ്റ്റാറ്റസ് തത്സമയം പരിശോധിക്കുക: എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ഫ്ലൈറ്റ് കൃത്യസമയത്താണോ എന്ന് ഉറപ്പുവരുത്തുക.

മെസ്സേജ് അലേർട്ടുകൾ ഉറപ്പാക്കുക: വിമാനക്കമ്പനികളിൽ നൽകിയിട്ടുള്ള ഫോൺ നമ്പറും ഇമെയിൽ വിലാസവും സജീവമാണെന്ന് ഉറപ്പുവരുത്തുക. അവസാന നിമിഷത്തെ സമയമാറ്റങ്ങളും അറിയിപ്പുകളും നേരിട്ട് ലഭ്യമാകാൻ ഇത് സഹായിക്കും.

വിമാനത്താവളങ്ങളിൽ നേരത്തെ എത്തുക: സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാലും ചെക്ക്-ഇൻ നടപടികൾക്ക് കൂടുതൽ സമയമെടുക്കുന്നതിനാലും സാധാരണ സമയത്തേക്കാൾ നേരത്തെ വിമാനത്താവളങ്ങളിൽ എത്താൻ ശ്രദ്ധിക്കുക.

ടിക്കറ്റ് പുനഃക്രമീകരണം: വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനോ സൗജന്യമായി തീയതി മാറ്റുന്നതിനോ ഉള്ള വ്യവസ്ഥകൾ ട്രാവൽ ഏജന്റുകളുമായോ എയർലൈനുകളുമായോ സംസാരിച്ച് വ്യക്തത വരുത്തുക.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തി വരികയാണെന്നും യാത്രികരുടെ സുരക്ഷ മുൻനിർത്തി വ്യോമപാതകളിൽ മാറ്റം വരുത്താൻ നിർബന്ധിതരാകുകയാണെന്നും വിവിധ വ്യോമയാന മന്ത്രാലയങ്ങളും വിമാനക്കമ്പനികളും വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കേണ്ടതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos