Advertisement
Qatar

വലിയ നിർമാണപ്രവർത്തനങ്ങളൊന്നുമില്ല,നിലവിലെ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ചുതന്നെ 2030 ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്താൻ കഴിയുമെന്ന് ഖത്തർ സംഘാടക സമിതി

Published: October 02, 2026
നഗോയ / ദോഹ :വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങളൊന്നുമില്ലാതെ തന്നെ, നിലവിലുള്ള വേദികളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്,2030-ലെ ദോഹ ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്താൻ കഴിയുമെന്ന് ഖത്തർ പ്രാദേശിക സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് അബ്ദുള്ള അൽ ബുഐനൈൻ അറിയിച്ചു.ജപ്പാനിലെ നഗോയയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗെയിംസിന് ആവശ്യമായ എല്ലാ മത്സര വേദികളും നിലവിൽ സജ്ജമാണെന്നും അധിക സൗകര്യങ്ങളൊന്നും ഒരുക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഞങ്ങൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു. ഇനി ആ വേദികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന കാര്യം മാത്രമാണുള്ളത്," അദ്ദേഹം പറഞ്ഞു. 2022-ലെ ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ ആതിഥേയത്വം വഹിച്ച ഖത്തറിന്റെ അനുഭവസമ്പത്തും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.മുൻകാല മത്സരങ്ങൾക്കായി നിർമ്മിച്ച സൗകര്യങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗിക്കാനുള്ള ഖത്തറിന്റെ ശേഷിയും  അൽ ബുഐനൈൻ എടുത്തുപറഞ്ഞു. ദോഹയിൽ അടുത്ത വർഷം നടക്കുന്ന FIBA ​​ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പിനായി അൽ ജനൂബ് സ്റ്റേഡിയത്തെ ബാസ്‌ക്കറ്റ്‌ബോൾ വേദിയാക്കി മാറ്റുന്നതിനെ അദ്ദേഹം ഉദാഹരണമായി സൂചിപ്പിച്ചു.

ഏഷ്യൻ ഒളിമ്പിക് കൗൺസിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള ചർച്ചകളുടെ ഭാഗമായി അടുത്ത ഒളിമ്പിക്സ് 2031-ലേക്ക് മാറ്റുകയാണെങ്കിൽ നിലവിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും  മത്സരങ്ങൾക്ക് അനുയോജ്യമായ തരത്തിൽ പരിവർത്തിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

കായിക മത്സരങ്ങളും കായികതാരങ്ങളുടെ എണ്ണവും (ക്വാട്ട) സംബന്ധിച്ച് സംഘാടക സമിതി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി (OCA) ചേർന്ന് പ്രവർത്തിച്ചുവരികയാണ്. അന്താരാഷ്ട്ര ഫെഡറേഷനുകളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും, പട്ടികയിലുള്ള കായിക ഇനങ്ങളുടെയോ വിഭാഗങ്ങളുടെയോ എണ്ണം കുറയ്ക്കാൻ സംഘാടകർ ഉദ്ദേശിക്കുന്നില്ലെന്നും അൽ ബുഐനൈൻ വ്യക്തമാക്കി.ഈ ഘട്ടത്തിൽ, കായികതാരങ്ങളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ഡിസംബർ 16-നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) 21-ാമത് ഏഷ്യൻ ഗെയിംസിന്റെ വേദിയായി ഖത്തർ തെരഞ്ഞെടുത്തത്.ദോഹ 2006-ൽ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ഖത്തർ ഇത് രണ്ടാം തവണയാണ് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4


 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos