Advertisement
Qatar

'ഒരു ഗൾഫ്, ഒരു ഹൃദയം':നാലാമത് ജി.സി.സി ഗെയിംസിന് നാളെ ദോഹയിൽ തിരിതെളിയും

Published: May 10, 2026
ദോഹ :മെയ് 11 മുതൽ 22 വരെ മേഖലയിലെ ഏറ്റവും വലുതും അഭിമാനകരവുമായ മൾട്ടി-സ്‌പോർട്‌സ് ഇവന്റുകളിലൊന്നായ നാലാമത് ജിസിസി ഗെയിംസ് ദോഹ 2026 തിങ്കളാഴ്ച അൽ ഷഖാബ് അരീനയിൽ ആരംഭിക്കും.ഉദ്ഘാടന ചടങ്ങിൽ പ്രതിനിധി സംഘങ്ങൾക്ക് പുറമേ, ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡന്റുമാർ, സെക്രട്ടറി  ജനറൽമാർ, ഒളിമ്പിക് കമ്മിറ്റികളിലെയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെയും സ്‌പോർട്‌സ് ഫെഡറേഷനുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജിസിസി രാജ്യങ്ങളുടെ ഐക്യം,പങ്കിട്ട സ്വത്വം എന്നിവ വിളംബരം ചെയ്യുന്ന 'ഒരു ഗൾഫ്, ഒരു ഹൃദയം' എന്ന ആശയത്തെ മുൻനിർത്തിയുള്ള  പ്രത്യേക ഒപ്പറേറ്റ ഉൾപ്പെടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പ്രകടനങ്ങൾ ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കും.

ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി ചെയർമാനായ സംഘാടക സമിതിയാണ് ജിസിസി ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള  ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നതും ഗൾഫ് കായിക മേഖലയുടെ പ്രാധാന്യം  ശക്തിപ്പെടുത്തുന്നതുമായിരിക്കും നാലാമത് ജിസിസി ഗെയിംസ്.

ആറ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പുരുഷ-വനിതാ അത്‌ലറ്റുകൾ ഹാൻഡ്‌ബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, പാഡൽ, ഫെൻസിങ്, ബോക്സിംഗ്, തായ്‌ക്വോണ്ടോ, കരാട്ടെ, നീന്തൽ, ബില്യാർഡ്‌സ്, സ്‌നൂക്കർ, 3x3 ബാസ്‌ക്കറ്റ്‌ബോൾ, ഷൂട്ടിംഗ്, അമ്പെയ്ത്ത്, വോളിബോൾ, കുതിരസവാരി, ബൗളിംഗ് തുടങ്ങി 17 വ്യത്യസ്ത കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും.3x3 ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്‌സ്, പാഡൽ, തായ്‌ക്വോണ്ടോ, ഫെൻസിങ്, ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നീ ഇനങ്ങളിൽ ശക്തമായ വനിതാ പങ്കാളിത്തത്തിനും ഗെയിംസ് സാക്ഷ്യം വഹിക്കും.വിവിധ കായിക ഇനങ്ങളിലായി  300 പുരുഷ-വനിതാ അത്‌ലറ്റുകളടങ്ങുന്ന സംഘമാണ് നാലാമത് ജിസിസി ഗെയിംസിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.

മെയ് 12 ചൊവ്വ
നീന്തൽ മത്സരങ്ങൾ ഹമദ് അക്വാട്ടിക് സെന്ററിലും 3x3 ബാസ്കറ്റ്ബോൾ മത്സരങ്ങൾ അൽ ഗരാഫ ക്ലബ് ഹാളിലും നടക്കും.തായ്‌ക്വോണ്ടോ, ടേബിൾ ടെന്നീസ് മത്സരങ്ങൾ ആസ്പയർ ഡോമിലും, ബില്യാർഡ്‌സ് മത്സരങ്ങൾ ഖത്തർ ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ ഹാളിലും, ബൗളിംഗ് മത്സരങ്ങൾ ഖത്തർ ബൗളിംഗ് സെന്ററിലും നടക്കും.

മെയ് 13 ബുധൻ
ഖത്തർ റേസിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ്ബിൽ കുതിരസവാരി മത്സരങ്ങൾ ആരംഭിക്കും, ഫെൻസിംഗ്, ബോക്സിംഗ് മത്സരങ്ങൾ ആസ്പയർ ഡോമിലും ഷൂട്ടിംഗ് മത്സരങ്ങൾ ലുസൈൽ ഷൂട്ടിംഗ് റേഞ്ചിലും നടക്കും.

മെയ് 14 വ്യാഴം
ദുഹൈൽ സ്‌പോർട്‌സ് ഹാളിൽ ഹാൻഡ്‌ബോൾ മത്സരങ്ങൾക്ക് പുറമേ, ഖത്തർ എസ്‌സിയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ് മത്സരങ്ങളും നടക്കും.

മെയ് 15 വെള്ളി
വെള്ളിയാഴ്ച ഖത്തർ ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ ഹാളിൽ സ്‌നൂക്കർ മത്സരങ്ങൾക്ക് തുടക്കം കുറിക്കും,

മെയ് 16 ശനി
വോളിബോൾ മത്സരങ്ങൾ വനിതാ സ്‌പോർട്‌സ് ഹാളിലും  പാഡൽ മത്സരങ്ങൾ ആസ്പയർ ഡോമിലും നടക്കും.

മെയ് 17 ഞായർ
ലുസൈൽ ഷൂട്ടിംഗ് റേഞ്ചിൽ അമ്പെയ്ത്ത് മത്സരങ്ങൾ ആരംഭിക്കും, അതേസമയം ഗെയിംസിന്റെ അവസാന ദിവസമായ മെയ് 21 വ്യാഴാഴ്ച ആസ്പയർ ഡോം കരാട്ടെ മത്സരങ്ങൾക്ക് വേദിയാകും.

കഴിഞ്ഞകാല ചാമ്പ്യന്മാർ
2011-ൽ ബഹ്‌റൈനിൽ നടന്ന പ്രഥമ ജിസിസി ഗെയിംസിൽ 27 സ്വർണവും 14 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 48 മെഡലുകളുമായി കുവൈത്താണ് ഒന്നാമതെത്തിയത്. 10 സ്വർണവും 6 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ നേടി ബഹ്‌റൈൻ രണ്ടാം സ്ഥാനത്തും 7 സ്വർണവും 12 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 26 മെഡലുകൾ നേടി ഖത്തർ മൂന്നാം സ്ഥാനത്തും എത്തി.5 സ്വർണം, 12 വെള്ളി, 13 വെങ്കലം എന്നിവയുൾപ്പെടെ 30 മെഡലുകളുമായി യു.എ.ഇ നാലാം സ്ഥാനത്തെത്തിയപ്പോൾ 4 സ്വർണം, 3 വെള്ളി, 4 വെങ്കലം എന്നിവയുൾപ്പെടെ 11 മെഡലുകളുമായി ഒമാൻ അഞ്ചാം സ്ഥാനത്തെത്തി. 3 സ്വർണം, 7 വെള്ളി, 13 വെങ്കലം എന്നിവയുൾപ്പെടെ 23 മെഡലുകളുമായി സൗദി അറേബ്യ ആറാം സ്ഥാനത്തായിരുന്നു.

2015-ൽ ദമ്മാമിൽ നടന്ന രണ്ടാമത് ഗൾഫ് ഗെയിംസിൽ 57 സ്വർണവും 35 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 115 മെഡലുകൾ നേടി സൗദി അറേബ്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി.26 സ്വർണവും 20 വെള്ളിയും 27 വെങ്കലവും ഉൾപ്പെടെ ആകെ 73 മെഡലുകൾ നേടി യു.എ.ഇ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 11 സ്വർണവും 17 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 59 മെഡലുകൾ നേടി ഖത്തർ മൂന്നാം സ്ഥാനത്തായിരുന്നു.

2022-ൽ മൂന്നാം ജിസിസി ഗെയിംസിൽ ആതിഥേയരായ കുവൈത്ത് ആയിരുന്നു മെഡൽ പട്ടികയിൽ ഒന്നാമത്. 36 സ്വർണവും 28 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെ ആകെ 96 മെഡലുകളായിരുന്നു കുവൈത്തിന്റെ മെഡൽ നേട്ടം.ബഹ്‌റൈൻ രണ്ടാമതും യു.എ.ഇ മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ സൗദി അറേബ്യ നാലാം സ്ഥാനത്തെത്തി.ഖത്തർ അഞ്ചാം സ്ഥാനവും ഒമാൻ ആറാം സ്ഥാനത്തുമായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos