Advertisement
Qatar

‘അതിജീവനത്തിന്റെ തുടക്കം വീട്ടിൽ നിന്ന്’; ദുരന്തസാധ്യത കുറയ്ക്കാൻ പ്രത്യേക കാമ്പയിനുമായി ഖത്തർ സിവിൽ ഡിഫൻസ് കൗൺസിൽ

Published: October 13, 2026
ദോഹ: ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും വീടുകളിലെ സുരക്ഷാ നടപടികളും കുടുംബങ്ങളുടെ തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഡിഫൻസ് കൗൺസിൽ. ദുരന്തപ്രതിരോധത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം.


ഒക്ടോബർ 13- ദുരന്തസാധ്യത ലഘൂകരണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സിവിൽ ഡിഫൻസ് കൗൺസിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ‘അതിജീവനത്തിന്റെ തുടക്കം വീട്ടിൽ നിന്ന്’ (Resilience Starts at Home) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ, സുരക്ഷിതവും ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ കുടുംബങ്ങൾ വഹിക്കുന്ന നിർണായക പങ്കാണ് ഉയർത്തിക്കാട്ടുന്നത്.

പ്രതിരോധത്തിന്റെയും സുരക്ഷയുടെയും സംസ്കാരം വളർത്തുന്നതിനും സാധ്യതയുള്ള അപകടങ്ങളെ നേരിടാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈതി പ്രസ്താവനയിൽ പറഞ്ഞു.

ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം, വൈദഗ്ധ്യത്തിന്റെ കൈമാറ്റം, ശേഷിവർധന എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും അവയുടെ ആഘാതം പരമാവധി കുറയ്ക്കുന്നതിനും മുൻകരുതലുകളും സമയബന്ധിതമായ തയ്യാറെടുപ്പുകളും അനിവാര്യമാണെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഹമദ് ഒത്മാൻ അൽ ദെഹൈമി പറഞ്ഞു.

ദുരന്തങ്ങളെ പ്രതിരോധിക്കാൻ സജ്ജവും കരുത്തുറ്റതുമായ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വീടുകളിൽ ആവശ്യമായ മുൻകരുതലുകൾ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രതിരോധ-സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളും ശേഷിയും വർധിപ്പിക്കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരണം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ആഭ്യന്തര മന്ത്രാലയവും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും പ്രതിജ്ഞാബദ്ധമാണെന്നും മേജർ ജനറൽ അൽ ദെഹൈമി അറിയിച്ചു.

ദുരന്തസാധ്യത ലഘൂകരിക്കൽ ബന്ധപ്പെട്ട അധികാരികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും വ്യക്തികളും കുടുംബങ്ങളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകേണ്ട കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികൃതരുടെ ഏകോപിതമായ പ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വ്യക്തികളുടെ അവബോധവും പ്രതിബദ്ധതയും ഉറപ്പാക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാനുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos