Advertisement
Qatar

സുപ്രീം കോടതി ഉത്തരവ്: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ

Published: September 16, 2026

ദുബായ്:ഇറാൻ-യു,എസ് യുദ്ധത്തെത്തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷം കാരണം ഈ വർഷം മാർച്ചിൽ ബോർഡ് പരീക്ഷ എഴുതാൻ സാധിക്കാത്ത ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചു. 40 വിഷയങ്ങളിലാണ് (20 അക്കാദമിക്, 20 സ്കിൽ അധിഷ്ഠിത വിഷയങ്ങൾ) പരീക്ഷ വീണ്ടും നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി.


സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. യുഎഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നത്. നേരത്തെ പരീക്ഷ റദ്ദാക്കിയപ്പോൾ പ്രത്യേക മൂല്യനിർണയ രീതി (അസസ്മെന്റ് സ്കീം) വഴിയാണ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.

റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. എന്നാൽ മാർച്ച് പരീക്ഷയ്ക്ക് മുൻപ് റജിസ്റ്റർ ചെയ്യാതിരുന്നവർക്കും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവർക്കും ഈ അവസരം ലഭിക്കില്ല. റദ്ദാക്കിയ വിഷയങ്ങളിൽ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് പരീക്ഷയെഴുതാം. ഇപ്പോൾ നടക്കുന്ന പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. ഇത് സംബന്ധിച്ച് സ്കൂളുകൾക്കും യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. 

പരീക്ഷയ്ക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഇൌ മാസം 22 മുതൽ ആരംഭിക്കും. 26 വരെ സിബിഎസ്ഇ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യാതൊരു കാരണവശാലും തീയതി നീട്ടിനൽകില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽത്തന്നെയായിരിക്കും പരീക്ഷ. അപേക്ഷ നൽകിയ ശേഷം വിഷയങ്ങൾ മാറ്റാൻ അനുവദിക്കില്ല.

ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, നിർമിതബുദ്ധി (എ ഐ), ഡാറ്റാ സയൻസ് തുടങ്ങിയവയും ബാങ്കിങ്, ടൂറിസം ഉൾപ്പെടെയുള്ള വൊക്കേഷനൽ വിഷയങ്ങളുമാണ് പരീക്ഷയിൽ ഉൾപ്പെടുന്നത്. റജിസ്ട്രേഷൻ പൂർത്തിയായ ശേഷം സമയക്രമം പ്രഖ്യാപിക്കും. ഈ പരീക്ഷയ്ക്ക് ശേഷം ഫലപുനർനിർണയത്തിനോ മറ്റ് തിരുത്തലുകൾക്കോ അവസരമുണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4


 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos