ഖത്തർ ഓപൺ പുരുഷ ടെന്നീസിൽ കാർലോസ് അൽകാരസിന് കിരീടം
ക്വാർട്ടർ ഫൈനലിൽ 2024 ചാമ്പ്യനായ റഷ്യൻ താരം കരേൻ ഖച്ചനോവിനെ 6-7, 6-4, 6-3 എന്നീ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിൽ, 2025ലെ ചാമ്പ്യനായ ആന്ദ്രേ റൂബ്ലെവിനെ 7-6, 6-4 എന്നീ സ്കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. കഴിഞ്ഞ വർഷം ക്വാർട്ടറിൽ ചെക്ക് റിപബ്ലിക് താരം ജിരി ലെഹെക്കയോട് പരാജയപ്പെട്ട് പുറത്തായ അൽകാരസ്, ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തി കിരീടം നേടുകയായിരുന്നു.
അതേസമയം, മികച്ച മുന്നേറ്റം നടത്തിയ ഫ്രഞ്ച് താരം ആർതർ ഫിൽസ്, ക്വാർട്ടറിലും സെമിയിലും ചെക്ക് താരങ്ങളായ ജിറി ലെഹെക്കയെയും യാക്കൂബ് മെൻസിക്കിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. എന്നാൽ, ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്കാണ് അൽകാരസിനോട് പരാജയമേറ്റുവാങ്ങിയത്.
അൽകാരസിന് ‘ഗോൾഡൻ ഫാൽക്കൺ’ ട്രോഫി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി സമ്മാനിച്ചു. ഖത്തർ ടെന്നീസ്, സ്ക്വാഷ്, പാഡൽ ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റ് നാസർ ബിൻ ഗാനിം അൽ ഖെലൈഫിയും ചടങ്ങിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ